Wednesday, January 16, 2019

അങ്ങനെ "കിയ" യും എത്തി

                
    നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കിയ ഇൻഡ്യൻ വിപണിയിലെത്താൻ തയ്യാറായി. സൗത്ത് കൊറിയൻ വാഹന നിർമാതാക്കളായ കിയ മോട്ടർസ്, ഹ്യുണ്ടായ് കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ സൗത്ത്കൊറിയൻ വാഹന നിർമ്മാതാവുമാണ്. ഹ്യൂണ്ടായ് കമ്പനിയിലും നിക്ഷേപമുള്ള കിയ ഹ്യുണ്ടായി കമ്പനിയുമായി ചേർന്ന് വിപണിയിലെത്തുമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പുതിയ ഡീലേഴ്സിനെ ഇപ്പോൾ സ്വാഗതം ചെയ്യുന്നുണ്ട്. 
     
               ആന്ധ്രപ്രദേശിലെ അനന്തപൂരിലുള്ള അഞ്ഞൂറ്റിമുപ്പത്താറ് ഏക്കറിൽ പ്രവർത്തനം ആരംഭിച്ച പ്ലാന്റിൽ നിന്നും ആദ്യം പുറത്തേക്ക് വരുന്നത് കിയയുടെ അഭിമാന മോഡൽ 'സ്പോർട്ടേജ്'(kia sportage)ആണ്. പ്രതിവർഷം മൂന്ന്ലക്ഷം യൂണിറ്റുകൾ വിപണിയിലെത്തിക്കാൻ ഈ പ്ലാന്റിന് കഴിയും. 2021ഓടെ അഞ്ച് മോഡലുകൾ വിപണിയിലെത്തിക്കാനാണ് കിയ തയ്യാറെടുക്കുന്നത്. എന്നാൽ ഏതൊക്കെയാണ് അവ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും സോൾ, റിയോ എന്നീ മോഡലുകൾ ഇൻഡ്യൻ വിപണിയിൽ പ്രതീക്ഷിക്കാം. റിയോ ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിക്കഴിഞ്ഞു എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ഇതിനോടൊപ്പം ഇന്ത്യക്ക് വേണ്ടി പ്രത്യേകം നിർമ്മിച്ച ഒരു മോഡലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

      കിയാ സ്പോർട്ടജ് വിപണിയിലെത്തുമ്പോൾ പതിനാറ് ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ ജീപ്പ് കൊമ്പസ്സ്, മഹീന്ദ്ര എക്‌സ് യു വി തുടങ്ങിയവ ആകും പ്രധാന എതിരാളികൾ. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തുന്ന ഈ വാഹനം ഇൻഡ്യൻ വാഹന വിപണിയിൽ ഒരു തരംഗം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.